2019 സെപ്റ്റംബർ 7, ശനിയാഴ്‌ച

കടപുഴകി വീഴുന്നു വന്‍മരമെങ്കിലും ,
തായിവേരു തേടുന്നതെന്തിനാണ്?

ഇനിയും മരിക്കാത്ത പുഴയുടെചിത്രങ്ങള്‍
ചെളിമണ്ണു ചികയുന്നതെന്തിനാണ്?

കണ്ണഞ്ചിപ്പിക്കുന്ന പകലിന്‍റെ പ്രകാശവും ,
കുത്തിനിറച്ചേതോ രാവിന്‍റെ ഇരുട്ടും
ഉള്ളിന്‍ ഭയംകോരി വിതറുന്നതെന്തിനാണ്?

ജനിച്ചുവീണപ്പോള്‍ മുതല്‍ നീയറിഞ്ഞ ,
ഉപ്പിന്‍റെസ്വാദും വരണ്ടനാവിനെ തണുപ്പിച്ച
നീര്‍ത്തുള്ളികളുo ഇനിയെന്നും നിനക്കന്ന്യം.

വലിച്ചെറിയപ്പെടുന്ന ചവറുകൂനകളില്‍ ,
നിന്നുയരുന്ന ചീഞ്ഞഗന്ധമിനിയും
നിന്‍റെ തലച്ചോറിനെ മത്തുപിടിപ്പിക്കില്ല.

മണ്ണിലുറച്ചുപോയ ഉരുകാത്ത പഴമയുടെ,
അസ്ഥികൂടങ്ങളില്‍ പതിയിരിക്കുന്ന
ആത്മാവിന്‍റെ കുഞ്ഞു കണികളെയും
മഹാമാരിയെയുo ഇനി  ഭയപ്പെടെണ്ടണ്ട.

കാരണം അവയിലോന്നായി നിനക്കും ,
മനുഷ്യന്‍റെ ഓര്‍മ്മകളില്‍ നിന്നുമകന്നു
വീണ്ടും അമീബയായ് കടലാഴങ്ങളില്‍
പുനര്‍ജ്ജനി തേടാം വേദനയറിയാതെ...!!
നാസ്തികനായ ഞാൻ ആസ്തികമായ മാനവസ്നേഹത്തിൽ വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ഒരേ കണ്ണിലൂടെ നോക്കിക്കാണാനാണെനിക്കിഷ്ടം. എല്ലാമതങ്ങളും പ്രതിധാനം ചെയ്യുന്നത് ലോകത്തിന്റെ നന്മയാണ് എന്നാൽ സത്യവിശ്വാസികളാവേണ്ട മനുഷ്യർ അന്ധവിശ്വാസങ്ങൾക്കടിപ്പെട്ട് മതത്തിന്റെ നിയമാവലികളിൽനിന്നും ദൈവീകാനുഗ്രഹഹങ്ങളിൽനിന്നും പുറന്തള്ളപ്പെടുകയും അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ കാഴ്ചകള്‍.

സമൂഹത്തെ ഒന്നായി സ്നേഹിക്കാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും ഉതകുംവിധമാകണം  മതങ്ങളുടേയും വിശ്വസികളുടെയും പ്രവർത്തനങ്ങൾ.

ലോകമിന്ന് അശാന്തിയുടെ  പാതയിലാണ്, ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് ഓരോ ജീവനും അത് നിരത്തുകളിലാവാം പള്ളിയിലാവാം സ്വന്തം ഭവനത്തിൽതന്നെയാവാം ആത്മപരിശോധനക്കായി നാം മുന്നിട്ടിറങ്ങേണ്ട കാലമധിക്രമിച്ചിരിക്കുന്നു.

സംസ്‌കൃതികൾ മരിക്കാതിരിക്കാൻ വിശ്വാസങ്ങൾ തകർക്കപ്പെടാതിരിക്കാൻ നമ്മുടെ തലമുറകൾ സാഹോദര്യത്തോടെ നിർഭയം വസിക്കുവാൻ അതിലുപരി ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനായി നാമൊന്നായി ജ്ഞാനദൃഷ്ടിയോടെ ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ.

.നന്ദി...നമസ്ക്കാരം.


2014 ജനുവരി 19, ഞായറാഴ്‌ച

ചെറുകഥാസമാഹാരം

കൊച്ചാപ്പിയുടെ കുസൃതികള്‍

ആശാനും ശിഷ്യനും 01

കുടിപ്പള്ളിക്കൂടത്തിലെ മണല്‍ത്തരികളില്‍ എഴുത്താശാന്‍ കൊച്ചാപ്പിയുടെ കൈപിടിച്ച്
അ.. ആ... ഈ... വരച്ചുകൊണ്ടിരുന്നപ്പോഴാണ് കൊച്ചാപ്പി വാഴക്കയ്യില്‍ ഇരുന്നു കാക്ക വിരുന്നു വിളിക്കുന്നത് കണ്ടത്...!

വെറുതെ ഒന്നു നോക്കിയതും ആശാന്‍റെ വക രണ്ടെണ്ണവും വാങ്ങി മൂക്കള ഒലിപ്പിച്ചു ഇരിക്കുമ്പോഴാണ്‌ കൊച്ചാപ്പിയുടെ അപ്പന്‍ റോഡിലൂടെ പോയത് പിന്നെ താമസിച്ചില്ല അടിച്ച

ആശാന്‍റെ കൈ പിടിച്ചു ഒരു കടിയും പാസ്സാക്കി കൊച്ചാപ്പി ഒറ്റ ഓട്ടം....!

പക്ഷെ കുരുത്തംകെട്ടവന്‍ ടാര്‍ റോഡില്‍ കമന്നുവീണപ്പോള്‍ ചോര പൊടിയുന്ന വേദന മറന്നും സ്നേഹനിധിയായ ആശാന്‍ അവനെ എഴുന്നേല്‍പ്പിച്ചു അപ്പനോട് ചേര്‍ത്തു നിര്‍ത്തിപറഞ്ഞു
പഠിക്കാന്‍ നല്ല മിടുക്കനാണ് പക്ഷെ വല്ലാത്ത കുസൃതിയാണ്...!

എട്ടും പൊട്ടും തിരിയാത്ത കൊച്ചാപ്പി അപ്പനെയും ആശാനെയും മാറി മാറി നോക്കി..!!


അച്ചുകുത്ത് 02

ഫേസ്‌ബുക്കിലെ കൂട്ടുകാരെപോലെ കൊടുത്താല്‍ മാത്രം കിട്ടുന്ന ഒന്നാണ് ലൈക് എന്നും അതു കൊല്ലത്തു ചെന്നാലും കിട്ടുമെന്നും കൊച്ചനാണങ്കിലും കൊച്ചാപ്പിക്ക് അറിയാമായിരുന്നു...!

അതുകൊണ്ടാണ് അച്ചുകുത്താന്‍ അങ്ങേലെ കൊച്ചാട്ടന്‍റെ മോന്‍റെ കൂടയെ പോകുള്ളൂ എന്നു കൊച്ചാപ്പി വാശിപിടിച്ചതും നിവൃത്തിയില്ലാതെ കൊച്ചാപ്പിയുടെ അപ്പന്‍ കൊച്ചാട്ടനെയും കൂട്ടി അടുത്തുള്ള കുത്തുകേന്ദ്രത്തിലേക്ക് വെളുപ്പിനെ വച്ചു പിടിച്ചതും തൊട്ടു പിന്നാലെ പഴയ പോലീസ്സു നിക്കറുമിട്ടു തുമ്പിയെ പിടിച്ചും തുള്ളിക്കളിച്ചും കൊച്ചാപ്പിയും ഗോവിന്ദനും....!

കൊച്ചാട്ടന്‍ വഴിനീളെ പട്ടാളത്തിലെ പൊട്ടാത്ത പാറ്റന്‍ ടാങ്കു കൊണ്ടു വെടിപൊട്ടിച്ചപ്പോള്‍ അപ്പന്‍ ഉണ്ടയില്ലാത്ത നാടന്‍ തോക്കുകൊണ്ടു തടയുകയായിരുന്നു. അങ്ങനെ കൊച്ചാപ്പിയും ഗോവിന്ദനും വഴിനീളെ തുമ്പിയെ പിടിച്ചും വെടിപൂരം കണ്ടു ലൈക് അടിച്ചുo ഒരിക്കലും പിരിയാത്ത കൂട്ടുകാരായി....!

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണതുപോലെ അച്ചുകുത്തിയ പാട് ഉണങ്ങുവോളം പള്ളിക്കൂടത്തില്‍ പോകാതെ കൊച്ചാപ്പിയും ഗുരു ഗോവിന്ദനും കുറെ ദിവസ്സം അങ്ങനെ രക്ഷപെട്ടു...!!


നീന്തല്‍ മത്സ്സരം 03

കാണം വിറ്റും ഓണം ഉണ്ണണമെന്നു പണ്ടാരാണ്ടു പറഞ്ഞതുപോലെ പറഞ്ഞു പറഞ്ഞ് ഓണo വന്നു....!

കാശുള്ള ചേട്ടന്മാരൊക്കെ തോട്ടുവരമ്പിലെ വാറ്റുമടിച്ച് നാട്ടില്‍ പുലികളിയും നടത്തി സ്വന്തം വീടുകളില്‍ ചെന്നു പെമ്പറന്നോരുടെ മണ്ടക്കിട്ടു പുള്ളിപ്പുലിയും കളിച്ചു നട നാലും പറിച്ചു സുഖമായുറങ്ങി....! 

കൌപീനം മേടിക്കാന്‍ കാശില്ലാതിരുന്നതുകൊണ്ട് ഓണത്തിന് ഒരു കൊണോം ഇല്ലായിരുന്നു എങ്കിലും കൊച്ചാപ്പിയും പീക്കിരികളും തുമ്പപ്പൂവും പിന്നെ  കൈയില്‍ കിട്ടിയതോക്കെയും പറിച്ചു തൃക്കാക്കരയപ്പനു പീഠമോരുക്കി അത്തപൂവിട്ടും കുരവയിട്ടും അത്തം പത്തും തികച്ചു.....!

ഓണക്കുളി ഒരു രസമുള്ള കളിയായതുകൊണ്ട് പീക്കിരികള്‍ക്കൊപ്പം കൊച്ചാപ്പിയും തോട്ടിലേക്ക് വിട്ടു.

തോട് എന്നു പറഞ്ഞാല്‍ അവിടുത്തെ വല്ല്യതോടാണ് ഒരാള്‍ കുറുകെ കിടന്നാല്‍ അണകെട്ടാവുന്ന അത്ര ആഴവും വീതിയുമുണ്ട്. പിന്നെ അക്കൊല്ലം ഓണത്തിനു മഴയായതുകൊണ്ട് തോടും വയലും ഒന്നായപ്പോള്‍ കാണാനും നല്ല രസം.....!

പാളയില്‍ കിടന്നു നീന്തി നല്ല പരിചയമുള്ളതുകൊണ്ട് തോട് കണ്ടപ്പോള്‍ കൊച്ചാപ്പിക്കുo കൂട്ടര്‍ക്കും നീന്തണമെന്നൊരു മോഹം.

പിന്നെ മത്സരമായി കൈ പിന്നില്‍ കെട്ടി ഉണ്ടയിടണo റഫറി വിസ്സില്‍ അടിച്ചതും കൊച്ചാപ്പി ഉണ്ടയിട്ടു മൂക്കും വായും പൊത്തി മുങ്ങി പൊങ്ങി വന്നതും ഒരുപോലായിരുന്നു...!

മൂക്കിനുതാഴെ മേല്‍ച്ചുണ്ടില്‍ പതിനോന്നുപോലൊരു കീറല്‍, ഓണസമ്മാനമായി കിട്ടിയപ്പോള്‍ കൊച്ചാപ്പിക്കുo സമാധാനം ഓണവും കടന്നു കിട്ടി....!!


ആഞ്ഞിലിപ്പഴം 04

പച്ചക്കദളി കുലകള്‍ക്കിടെക്കിടെ മെച്ചത്തില്‍ നന്നായി പഴുത്ത പഴങ്ങളും... അത്രയും വായിച്ചപ്പോഴാണ് അമ്മച്ചി പണ്ടെങ്ങാണ്ട് ഏത്തക്കാ പുഴുങ്ങി കൊടുത്ത കാര്യം കൊച്ചാപ്പി ഓര്‍ത്തത്.....!

അമ്മച്ചിയോട്‌ ചോദിക്കാമെന്നു വച്ചാല്‍ കാലത്ത് അപ്പനു കൊടുത്തതിന്‍റെ ബാക്കി തെറി കേള്‍ക്കേണ്ടിവരും അതുകൊണ്ട് വേണ്ടാന്ന് വച്ചു. ജനലില്‍ക്കുടെ പുറത്തേക്കു നോക്കി ഏത്തക്കയും നിനച്ചിരിക്കുംമ്പോഴാണ് പറമ്പിലെ ആഞ്ഞിലിയില്‍ നല്ല മുഴുത്തു പഴുത്ത ചക്ക കൊച്ചാപ്പിയെ നോക്കി പല്ലിളിച്ചത്....!

കൊച്ചനായതുകൊണ്ട് കോച്ചാപ്പിക്ക് കേറാനും വയ്യ, അപ്പനാണെങ്കില്‍ ഒരുമാതിരി വെട്ടുപോത്തിന്‍റെ സ്വഭാവവും. ഏതായാലും അപ്പനില്ലാത്ത സമയം നോക്കി ആഞ്ഞിലിയില്‍ കേറാന്‍ തന്നെ കൊച്ചാപ്പി തീരുമാനിച്ചു....!

അല്ലങ്കിലും അങ്ങോട്ട്‌ പോവല്ലേ മോനേന്നു പറഞ്ഞാഞ്ഞാല്‍ കൊച്ചാപ്പിക്കു പോവാതെ പറ്റുകയും ഇല്ല. അതുകൊണ്ട് സ്നേഹം കൂടുമ്പോള്‍ അപ്പന്‍ തന്തക്കു മുന്‍പേ ഉണ്ടായവനെന്നെ കൊച്ചാപ്പിയെ വിളിക്കു. അര്‍ഥം അറിയാത്തകൊണ്ട് കൊച്ചാപ്പി അതൊരു അംഗീകാരമായി എടുക്കുകയും ചെയ്തു....!

അങ്ങനെ കൊച്ചാപ്പി പീക്കിരികളെയും കൂട്ടി കേറാന്‍ വയ്യാത്ത ആഞ്ഞിലിയില്‍ ഒരുവിധം അള്ളിപിടിച്ചു കയറി ഒപ്പം താഴെ പീക്കിരികള്‍ ഉടുമുണ്ടഴിച്ചു ചക്കയും പിടിച്ചു...!

ചക്കയുടെ ഭാരവും കൊച്ചാപ്പിയുടെതും കൂടിയായപ്പോള്‍ കൊച്ചനാണന്നോ ആദ്യമായി കേറുവാവണന്നോ നോക്കാതെ കാമ്പങ്ങോടിഞ്ഞു പല ചക്കക്കൊപ്പം താഴൊട്ട്.....!

കൊച്ചാപ്പിയുടെ സമയം നന്നായതുകൊണ്ട് ചളുങ്ങാതെ കമ്പോടിഞ്ഞു തൊലിയില്‍ ഉച്ചികിഴുക്കാംപാട് തൂങ്ങികിടന്നു.കണ്ടു നിന്നവരെല്ലാം ചിരിച്ചു മണ്ണുകപ്പിയപ്പോള്‍ കൊച്ചാപ്പിയുടെ ചങ്കുകത്തുകയായിരുന്നു..!!


മുതലാളി 05

കൊച്ചാപ്പിയുടെ അപ്പന്‍ വെറുതെ ചൊറിയും കുത്തി മച്ചിലേക്ക് നോക്കിയിരിക്കണ്ടാന്നു കരുതി ഓണത്തിനും സംക്രാന്തിക്കും മാത്രം ആളുപോകുന്ന റോഡരികില്‍ ഒരു കൊച്ചുകട തുടങ്ങി....

അപ്പന്‍ കിറുകൃത്യം...കമ്പ്യുട്ടറിനെ വെല്ലുന്ന മനക്കണക്ക് വിദഗ്ദ്ധന്‍...അങ്ങനെ കൂട്ടിയും കിഴിച്ചും വെറുതെ സമയം പോക്കി....

ആരെങ്കിലും കടം വാങ്ങി പിന്നെ കണ്ടില്ലങ്കില്‍ അപ്പന്‍ ഉടന്‍ കൊച്ചാപ്പിയെ വിളിക്കും... അവന്‍റെ വീടുതേടി തവണ പിരിക്കുന്ന പണി കൊച്ചാപ്പിക്ക്....

അപ്പന്‍ ഉദാരമനസ്ക്കന്‍ ആയതുകൊണ്ടും ആളുകളുടെ കയ്യില്‍ പുത്തന്‍ ഇല്ലാത്തതുകൊണ്ടും അണ്ടിയോ തേങ്ങയോ കൊടുത്തു വാര്‍ട്ടര്‍ സമ്പ്രദായത്തിലും വടക്കന്‍ പുകയില വാങ്ങാം.....

വിനാശകാലേ വിപരീത ബുദ്ധി എന്നു പറഞ്ഞപോലെ ഒരുദിവസം അപ്പനുതോന്നി കൊച്ചാപ്പിയെ കൂടെ പണിപഠിപ്പിച്ചാലോ എന്ന്....

അങ്ങനെ ഒരുദിവസം അപ്പന്‍ കൊച്ചാപ്പിയെ വിളിച്ച് കടയുമേല്‍പ്പിച്ചിട്ടെവിടെയോ പോയി....

ഒരു ദിവസ്സമെങ്കില്‍ ഒരു ദിവസ്സം... കൊച്ചാപ്പിയാണ് മുതലാളിയെന്നറിഞ്ഞു പീക്കിരികളും ഓടിയെത്തിയപ്പോള്‍ അപ്പന്‍റെ പൂത്ത സാധനങ്ങള്‍ എല്ലാം അരമണിക്കൂര്‍ കൊണ്ടു കട കാലി....

വൈകിട്ടു തിരിച്ചു വന്ന അപ്പന്‍ കട കണ്ട് അന്തംവിടുകയും...പിന്നെ പണപ്പെട്ടി കണ്ടു ഞെട്ടുകയും ചെയ്തു...

അപ്പന്‍ വില്‍ക്കാന്‍ തൂക്കിക്കെട്ടി വച്ചിരുന്ന കശുവണ്ടിയെല്ലാം കൊച്ചാപ്പി എടുത്ത 

സാധനത്തിനു പകരം കൃത്യമായി തിരിച്ചു പെട്ടിയില്‍ ഇട്ടിരുന്നു...!!

കാക്കയും രചനയും 06

വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തു തോലിളിട്ട പോലെയായി കൊച്ചാപ്പിയുടെ കാര്യം.....!

വല്ല്യപള്ളിക്കൂടത്തില്‍ ചെന്നതും പത്തുക്ലാസ് പതിനഞ്ചുകൊല്ലം പഠിച്ച പനമൂട് പോലുള്ള ചേട്ടന്മാരെ കണ്ടു കൊച്ചനായ കൊച്ചാപ്പി ആദ്യമേ ഞെട്ടി....! 

വല്ലതും നാലക്ഷരം പടിക്കട്ടെന്നു വച്ചാണ് ഏതും പോരാത്ത അപ്പന്‍ പള്ളിക്കൂടത്തില്‍ വിട്ടത്... കാലദോഷമെന്നല്ലാതെ എന്തുപറയാന്‍ കൊചാപ്പിക്ക് കാലാകാലം ഓരോ ചിന്ത തോന്നും അതു പിന്നെ വിനയുമാകും....!

അങ്ങനെ ഇരിക്കെ ഒരു ദിവസ്സം മാഷ് കൊച്ചാപ്പിയെ പിടിച്ചു ക്ലാസ് ലീഡര്‍ ആക്കി...അതോടെ ഉപ്പുമാവ് പുരയിലെ പനമൂട് ചേട്ടന്മാരൊക്കെ കൊച്ചാപ്പിയുടെ സുഹൃത്തുക്കള്‍ ആയി കാരണം അവര്‍ എഴുതണ്ടതൊക്കെ കൊച്ചാപ്പി എഴുതികൊടുക്കും പകരം ഉപ്പുമാവ് കൊടുത്ത് ചേട്ടന്മാര്‍ കടവും വീട്ടും...!

ഇതിനിടയില്‍ കൊച്ചാപ്പി ഒരുത്തനുമായിട്ടങ്ങു തെറ്റി...ഇനി എന്തു എന്നു നിനച്ചിരിക്കുംമ്പോഴാണ് സാത്താന്‍ കര്‍ത്താവിനെ പരിക്ഷിച്ചപോലെ കൊച്ചാപ്പിയെയും പരീക്ഷിച്ചത്...!

സാത്താന്‍ പറഞ്ഞു എടാ കൊച്ചനെ....നീ അവന്‍റെ രചനബുക്ക്‌ എടുത്തു നാല് തെറി അങ്ങെഴുതിവെക്കുക...!

കൊച്ചാപ്പി ഒന്നും ആലോചിച്ചില്ല... സയന്‍സ് റൂമില്‍ പോയി അവന്‍റെ രചന ബുക്കില്‍ അറിയാവുന്ന... കുടുംബത്തില്‍ പിറന്ന തെറിയൊക്കെ കാക്കേ...കാക്കേ... കൂ...ടെവിടെന്നു നിറച്ചങ്ങെഴുതി....!

ഒരാഴ്ച കഴിഞ്ഞു മാഷ് കൊച്ചാപ്പിയോട് എല്ലാവരുടെയും രചന ബുക്ക് എടുത്തു കൊണ്ടുവരാന്‍ പറഞ്ഞു...അനുസരണയുള്ള കൊച്ചാപ്പി എല്ലാവര്‍ക്കും ഉടനെ ബുക്കും കൊണ്ടുകൊടുത്തു....!

രചന വായിച്ചതും കാക്ക ചേട്ടന്‍ ചാടി എഴുന്നേറ്റു ഒരു നിലവിളി സാറെ......ഇവനെന്‍റെ ബുക്കില്‍ .....!

ഇതുപോലൊരു രചന മുന്‍പു കണ്ടിട്ടില്ലാത്തതുകൊണ്ട്‌ സാറു ഞെട്ടി....ഇങ്ങനെ ഒരു ചതി പ്രതീക്ഷിക്കഞ്ഞതുകൊണ്ടു കൊച്ചാപ്പി അതിലും ഞെട്ടി....!

മൂട്ടിലെ തൊലി പോയ കൊച്ചാപ്പി പിന്നൊരിക്കലുo രചന എഴുതിയിട്ടില്ല....!!


കമ്പിശാസ്ത്രo 07

കൊച്ചനായ കൊച്ചാപ്പി ഏഴുകൊല്ലം പഠിച്ചു മിടുക്കനായി കുസൃതികള്‍ എന്ന അഞ്ചക്ഷരം കൂട്ടിവായിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞച്ചന്‍ സാര്‍ പത്തു ചത്ത പാമ്പിനെ കുപ്പിയിലാക്കി ക്ലാസ്സില്‍ വന്നു ശാസ്ത്രം പറഞ്ഞത്....!

അമ്മച്ചിയുടെ ചക്കപ്പുഴുക്കും അസ്ത്രവും കഴിച്ചു വളര്‍ന്ന കൊച്ചാപ്പിക്ക് ശാസ്ത്രം ഒരു വിഷയമായിരുന്നില്ലങ്കിലും കുഞ്ഞച്ചന്‍ സാറിന്‍റെ പറച്ചിലില്‍ കേട്ടപ്പോള്‍ എന്തെങ്കിലും ഒരു കുന്ത്രാണ്ടം കണ്ടുപിടിച്ചു ശാസ്ത്രഞ്ജന്‍ ആവണമെന്നൊരു മോഹം....!

എന്തുകണ്ടുപിടിക്കുമെന്നു ചിന്തിചിച്ചു നടന്ന കൊച്ചാപ്പി ആദ്യം കണ്ടുപിടിച്ചത് അപ്പന്‍ ഒളിപ്പിച്ചുവച്ച പണിപ്പെട്ടി ആയിരുന്നു , അപ്പന്‍ ബെഹു മിടുക്കന്‍ മുള്ളാണി തൊട്ടു മുരുക്കും പത്തല്‍ വരെ പണിഞ്ഞു നാട്ടിലും മാറുനാട്ടിലും പ്രശ്ശസ്തന്‍...!

പെട്ടികണ്ടതും കുത്തിത്തുറന്ന് ഒരു കമ്പി കഷണവുമായി കൊച്ചാപ്പി നേരെ അമ്മച്ചിയുടെ കഞ്ഞിക്കലത്തിന്‍റെ അടിയിലെ തീയിലേക്ക് പാഞ്ഞു.....!

കൊച്ചാപ്പിയുടെ കയ്യിലെ പഴുത്ത കമ്പിയും ചുറ്റിയലും കണ്ട അമ്മച്ചി അന്തംവിട്ടു വാപൊളിച്ചു നില്‍ക്കെ മുറ്റത്തേക്കു പാഞ്ഞ കൊച്ചാപ്പി കൂമ്പുവന്ന പൂവന്‍ വാഴയുടെ പള്ളക്കിട്ടു കമ്പികേറ്റി ശൂ...എന്ന ശബ്ദം കേട്ടു പോട്ടിച്ചിരിച്ചതും അമ്മച്ചിയുടെ മട്ടുമാറി കൊച്ചാപ്പിയുടെ പെട്ടക്കിട്ടൊന്നു പൊട്ടിച്ചതും ഒന്നിച്ചായിരുന്നു....!

അങ്ങനെ അനീലിങ്ങോ ഫോര്‍ജിങ്ങോ ഒക്കെ കണ്ടുപിടിച്ചു ഇരുമ്പിനു പലമാനവും നല്‍കി 

മാനം പോയതോടെ കൊച്ചാപ്പി ശാസ്ത്രം വിട്ടു അസ്ത്രം കുടിച്ചു സുഖമായുറങ്ങി...!!

അരക്കും കൊക്കും 08

പാടം പൂത്തകാലം കൊയ്ത്തുo കഴിഞ്ഞു പാടമെല്ലാം പൂട്ട്‌ നടക്കുന്ന സമയത്താണ് കൊച്ചാപ്പി പള്ളിക്കൂടം അടച്ചു വീട്ടിലിരിപ്പായത്.....! 

വെറുതെയിരിക്കുന്ന കൊച്ചാപ്പിയെ കണ്ടതും അപ്പനു ചൊറിച്ചിലു തുടങ്ങി പിന്നെ പാടം തോറും കന്നിനെ തീറ്റുന്ന പണി കൊച്ചാപ്പിക്കായി.....! 

കന്നിനെ തീറ്റി ബോറടിച്ച കൊച്ചാപ്പി ഒരുകിലോ തോടുകപ്പലണ്ടിയും വാങ്ങി തുരുമ്പെടുത്ത പാട്ടയിലിട്ടു പീക്കിരികളെയും കൂട്ടി കാലത്തു മുതല്‍ വൈകും വരെ പാടoതോറും ബിസിനസ് ഔട്ട്‌ലെറ്റുകളും സ്ഥാപിച്ചു....!

അങ്ങനെയാണ് കൊച്ചാപ്പി കണ്ടം പൂട്ടുന്ന കുട്ടപ്പന്‍ ചേട്ടനെ കണ്ടുമുട്ടിയതും കുട്ടപ്പനു ചുറ്റും കൊക്കുകള്‍ കൂടിയിരിന്നു കൊക്കുരുമ്മുന്നതും കണ്ടത്.....!

കൊക്കിനെ കണ്ടതും കൊച്ചാപ്പിയും പീക്കിരികളും കന്നിനെയും കപ്പലണ്ടിയും വിട്ടു കൊക്കിനെ പിടിക്കുന്നതിനെ പ്പറ്റിയായി പിന്നത്തെ ആലോചന, അങ്ങനെയാണ് അരക്കു വച്ചു കൊക്കിനെ പിടിക്കാന്‍ ധാരണയായത്.....!

ചക്കപ്പഴത്തിന്‍റെ കാലം കഴിഞ്ഞതുകൊണ്ട്‌ അരക്കുകിട്ടാതെ വലഞ്ഞ കൊച്ചാപ്പി അമ്മച്ചിയുടെ കറിക്കത്തിയുമായി ആരും കാണാതെ അപ്പുറത്തെ കൊച്ചാട്ടന്‍റെ പറമ്പിലെ നട്ടുവളര്‍ത്തിയ കുഞ്ഞു വരിക്കപ്ലാവിന്‍റെ മൂടുമുറിച്ചതും...... ക...കൂ.... എന്നൊക്കെ വിളിച്ചു കൂവി കൊച്ചാട്ടന്‍ പാഞ്ഞടുത്തതും കത്തിയും കളഞ്ഞു കൊച്ചാപ്പിയും കൊക്കും തടികേടാകാതെ വെവ്വേറെ വഴിക്കു പറന്നുപോയി....!!


കാല്‍സൊറ 09

പോലീസ്സു നിക്കറും വള്ളിനിക്കറും മാറി കാല്‍സോറയും ഹിപ്പിയും നാട്ടിലാകെ കൊടിക്കുത്തി വാഴുന്ന കാലം....!

അപ്പോഴാണ് കൊച്ചാപ്പിക്കും ഹിപ്പിയായണമെന്നൊരു കുഞ്ഞു മോഹം തോന്നിയത്....!

അങ്ങനെ ഹിപ്പിയായി നടക്കുമ്പോള്‍ ഒരു ദിവസ്സം ഉപ്പാപ്പന്‍റെ മക്കള്‍ കല്‍ക്കട്ടായീന്നു കൊണ്ടുവന്ന അപ്പിയിട്ട പഴയ കാല്‍സോറ ഒരെണ്ണം കൊച്ചാപ്പിക്കും സക്കാത്തായി കിട്ടി....!

അങ്ങനെ അപ്പിയും ഹിപ്പിയുമായ കൊച്ചനായ കൊച്ചാപ്പി കാല്‍സോറയുമായി നാടുനീളെ നടക്കുന്നതിനിടയിലാണ് പള്ളിക്കൂടത്തില്‍ സേവനവാരം വന്നത്.....!

മട്ടുമാറി സ്കൂളിലെത്തിയ കൊച്ചാപ്പിയെ കണ്ടു കുട്ടികളെല്ലാം വട്ടുപിടിച്ചു നോക്കി....!

കാരണം സ്കൂളിലെ കുട്ടികളില്‍ മിക്കവരും കൊച്ചാപ്പിയെ പോലെ പിച്ചക്കാരായിരുന്നു പോരാത്തതിന് ഒരു മാതിരി മൂരാച്ചി തന്തമാരും കൊടികുത്തി വാഴുന്ന കാലം....!

അങ്ങനെ സേവനവാരം പൊടിപൊടിക്കുന്നതിനിടയില്‍ ഒരുദിവസ്സം കൊച്ചാപ്പിക്കും കിട്ടി വെട്ടും കിളയും...!

കിള മൂത്തു മൂത്തു തളര്‍ന്നു നിലത്തു കുത്തിരിയിരുന്ന കൊച്ചാപ്പി അഭിമാനക്ഷതo ഓര്‍ത്തു പിന്നെ വാരം മറയുവോളം എഴുന്നേറ്റില്ല ,കാരണം ഒന്നായിരുന്ന കാല്‍സോറ രണ്ടായിട്ടങ്ങു പിരിഞ്ഞു.....!

അതില്‍ പിന്നെ ഗാന്ധിജി പഠിപ്പിച്ച സ്വയംസേവയിലൂടെ വാഴ നട്ടുo കുലവിറ്റും അല്ലാതെ കൊച്ചനാണങ്കിലും കൊച്ചാപ്പി ആരുടേയും സക്കാത്തു വാങ്ങിയിട്ടില്ല....!!


വാഴവള്ളി 10

കൊച്ചനായ കൊച്ചാപ്പി കുഞ്ഞു കുഞ്ഞു കുസൃതികളുമായി പള്ളിക്കൂടത്തിലും ഉപ്പുമാവ് പുരയിലും ഒക്കെയായി മീശ മുളച്ചു പുര നിറഞ്ഞു വരുന്ന കാലം.....! 

പള്ളിക്കൂടത്തിനടുത്തു വള്ളിക്കുടിലില്‍ പഞ്ഞിമുട്ടായി വില്‍ക്കുന്ന കുഞ്ഞുഞ്ഞു ചേട്ടനുമായി അടുത്ത ചങ്ങാത്തം ആയി കാരണം കുഞ്ഞുഞ്ഞു ചേട്ടനുo കൊച്ചാപ്പിയുടെ ഏതോ ചത്തുപോയ ഉപ്പാപ്പനും കൂട്ടുകാരായിരുന്നു....!

അങ്ങനെ പിച്ചക്കാര്‍ക്കുപോലും അഞ്ചുപൈസ കൊടുക്കാത്ത കുഞ്ഞുഞ്ഞു ചേട്ടന്‍റെ വള്ളിക്കുടിലിലെ മണിക്കൂര്‍ ഉണ്ടയും പഞ്ഞിമുട്ടായിയും എല്ലാം എവിടെയോ ചത്തുപോയ ഉപ്പാപ്പന്‍റെ പേരില്‍ കൊച്ചാപ്പിയും കൂട്ടുകാരും പറ്റി തീര്‍ത്തു..!

അങ്ങനെയിരിക്കെ കുഞ്ഞുഞ്ഞു ചേട്ടനൊരു അര സൈക്കിള്‍ പിള്ളേരെ ഉരുക്കാനായി എങ്ങാണ്ടുന്ന് കൊണ്ടുവന്ന് ആദായ നിരക്കില്‍ മണിക്കൂറിന് അമ്പതു പൈസ്സ വച്ചു റേറ്റിട്ടു...!

ഊരും പേരും തന്തപ്പേരും മേല്‍വിലാസ്സവും കൊടുത്താലേ കുഞ്ഞുഞ്ഞ് സൈക്കിളുകൊടുക്കു അതുകൊണ്ട് പിള്ളേരെല്ലാം സൈക്കിളെടുക്കാതെ വായും പൊളിച്ചു നോക്കിനിന്നു.....!

അങ്ങനെയിരിക്കെ ഒരുദിവസ്സം തോട്ടുവരമ്പില്‍ ടയര്‍ ഉരുട്ടി പഠിച്ച കൊച്ചാപ്പിയുടെ പഴയ സുഹൃത്തു ഗോവിന്ദന്‍റെ ഉപദേശ പ്രകാരം തുരുമ്പു പിടിച്ച സൈക്കിള്‍ വടക്കെടുത്തു....!

ഓട്ടത്തിനിടയില്‍ ഉച്ചികുത്തി വീണു കൊച്ചാപ്പിക്കും ഗോവിന്ദനും പരുക്കുപറ്റിയതു കൂടാതെ കുഞ്ഞുഞ്ഞിന്‍റെ പഞ്ഞിപോലത്തെ സൈക്കിള്‍ രണ്ടായി ഒടിയുകയും ചെയ്തു..!

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണതുപോലെ കൊച്ചാപ്പിയും ഗോവിന്ദനും പരസ്പരം നോക്കി മോങ്ങാനും തുടങ്ങി. ഒടുവില്‍ ഗുരു ഗോവിന്ദന്‍റെ ഉപദേശപ്രകാരം വാഴവള്ളികൊണ്ടു കെട്ടി ചുമന്നു കുഞ്ഞൂഞ്ഞ് ഉറഞ്ഞുന്ന പരുവം നോക്കി വള്ളിക്കുടിലിനു സമീപം കൊണ്ടുവച്ചിട്ടു മുങ്ങി....!

ഉറക്കമുണന്ന കുഞ്ഞുഞ്ഞ് ഉപ്പാപ്പന്‍ ചത്തുപോയതറിയാതെ കൊച്ചാപ്പിയെ തേടി പള്ളിക്കൂടത്തിന്‍റെ വരാന്തയില്‍ എന്നും റോന്തു ചുറ്റുന്നത്‌ കാണുമ്പോള്‍ കൊച്ചാപ്പിയും ഗോവിന്ദനും പതിയെ ആരും കാണാതെ സ്കൂളിന്നു മുങ്ങും....!!


ചൂണ്ട 11

ഒരു ദിവസ്സം കൊച്ചാപ്പിയും പീക്കിരികളും പള്ളിക്കൂടം വിട്ടു വരുന്ന വഴി പഴയ വല്ല്യതോടിനു അരികിലെത്തി, അപ്പോഴതാ തോടിനോട് ചേര്‍ന്നുള്ള ഉപയോഗ ശൂന്യമായ കുളത്തിന്‍റെ ഇടിഞ്ഞുവീണ പാറക്കല്ലുകള്‍ക്ക് ഇടയില്‍ ഒന്ന് ഒന്നൊര മുശി കിടന്നു പിടക്കുന്നു....!

മുശിയുടെ പിടപ്പു കണ്ടതും വിനാശകാലേ വിപരീത ബുദ്ധി എന്നു പറഞ്ഞപോലെ കൊച്ചാപ്പിക്കുo പീക്കിരികള്‍ക്കും ഒന്നു മീന്‍ പിടിച്ചാലോ എന്നൊരു തോന്നല്‍....!

തോന്നല്‍ മൂത്തതും തമ്മില്‍ ആലോചനയായി എങ്ങനെ പിടിക്കും, ഒടുവില്‍ കൊച്ചാപ്പി തന്നെ ഒരു ഉപായവും കണ്ടെത്തി പരീക്ഷ പേപ്പറിന്‍റെ മൊട്ടുസൂചി ഉരിയെടുത്തു ചൂണ്ട ഉണ്ടാക്കുക....!

ശാസ്ത്രജനായ കൊച്ചാപ്പി അപ്പന്‍റെ കുരുട്ടുബുദ്ധി ഉപയോഗിച്ച് ചട പടാന്ന് ഒരു ചൂണ്ട ഉണ്ടാക്കി, ഈ നേരoകൊണ്ടു പീക്കിരികള്‍ എവിടുന്നോ ഒരു പൊട്ടിപ്പറിഞ്ഞ പ്ലാസ്റ്റിക് നൂലും മണ്ണിരയും ഒപ്പിച്ചു കൊണ്ടുവന്നു....!

അങ്ങനെ കൊച്ചാപ്പി ചൂണ്ടയുമായി തോട്ടിലിറങ്ങി ഇടിഞ്ഞു കിടന്ന പാറയുടെ പൊത്തില്‍ നിക്ഷേപിച്ചു ഒപ്പം കൌദുകം മൂത്ത പീക്കിരികള്‍ ഇടിഞ്ഞു കിടന്ന പാറകളുടെ മുകളില്‍ അങ്ങിങ്ങായി ഇടവും പിടിച്ചു....!

കുറെ കഴിഞ്ഞതും ചൂണ്ടയില്‍ ആരോ കൊത്തിവലിച്ചു... ആവേശം മൂത്ത കൊച്ചാപ്പി പതിയെ പുറത്തേക്കും വലിച്ചു, പീക്കിരികളാണങ്കില്‍ മുട്ടിനു കയ്യും കൊടുത്ത് തോട്ടിലേക്കും വായും പൊളിച്ചു നിന്നു....!

വലി മൂത്തു മൂത്ത് കൊച്ചാപ്പി ജയിച്ചു ഒപ്പം ചുവട്ടടിയില്‍ വന്നു വീണ സാധനം കണ്ടു കൊച്ചാപ്പി ഞെട്ടി അയ്യോ...എന്നൊരു വിളിയും പിന്നെ ചൂണ്ടയും കളഞ്ഞ് ഒറ്റയോട്ടവും.....!

കൊച്ചാപ്പിയുടെ ഞെട്ടല്‍ കണ്ട പീക്കിരികളും ഞെട്ടി അങ്ങനെ ഞെട്ടലിന്‍റെ ശക്തിയില്‍ ഇടിഞ്ഞിരുന്ന പാറകളെല്ലാം സ്വാമി തിന്തക തോം... എന്നു പറഞ്ഞു പീക്കിരികളെയും കൊണ്ടു താഴെ തോട്ടിലേക്കും വീണപ്പോള്‍ പിന്നെ കൂട്ട നിലവിളിയായി....!

മീനിനു പകരം പുളവനെ പിടിച്ച കൊച്ചാപ്പിയും പീക്കിരികളും മൂന്നു ദിവസ്സം പനിപിടിച്ചു കിടന്നൂന്നു മാത്രമല്ല പിന്നീട് ഒരിക്കലും മീനും പിടിക്കണമെന്നു തോന്നിയിട്ടിയില്ല...!!



കഷ്ടകാലവും ചട്ടുകാലും 12

കൊച്ചനായ കൊച്ചാപ്പിക്ക് ഒരു ദിവസ്സം ഏതോ ബന്ധത്തിലുള്ള ഒരു മച്ചാന്‍ ഒരു പഴയ മുക്കാല്‍ സൈക്കിള്‍ സമ്മാനമായി കൊടുത്തു.....! 

സാഹസികനായ കൊച്ചാപ്പി പഴയതോ പുതിയതോ എന്നൊന്നും നോക്കാതെ സൈക്കിളും കൊണ്ടു കയ്യാലകള്‍ ചാടിച്ചു രസിച്ചു, അതുകണ്ട് സൈക്കിളിന്‍റെ പിന്നാലെ പീക്കിരികളും വെറുതെ വായും പൊളിച്ചോടി....!

മുന്നില്‍ തോടായാലും മലയായാലും മഴയായാലും കൊച്ചാപ്പി
ക്കു പുല്ലാണ്,കേറിയാല്‍ പിന്നെ ഒടുക്കം കണ്ടെ കൊച്ചാപ്പി സൈക്കിളീന്ന് ഇറങ്ങു....!

ഒരു അവധി ദിവസ്സം കൊച്ചാപ്പിയും പള്ളിക്കൂടത്തിലെ രണ്ടു മൂന്നു കൂട്ടുകാരും കൂടി ദൂരെയുള്ള വേറൊരു കൂട്ടുകാരന്‍റെ വീട്ടിലേക്കു സൈക്കിളില്‍ വച്ചു പിടിച്ചു....!

കൂട്ടുകാരന്‍റെ വീട്ടിലെ സല്‍ക്കാരങ്ങള്‍ കഴിഞ്ഞു തിരിച്ചു പോകുന്ന വഴി ഒരു സൈക്കിളോട്ട മത്സ്സരം സംഘടിപ്പിക്കാനും സംഘാടകനായ കൊച്ചാപ്പി മറന്നില്ല.....!

മത്സ്സരം മൂത്ത് ആഞ്ഞു ചവുട്ടിയും കിതച്ചും കൊച്ചാപ്പി എല്ലാവരെക്കാളും മുമ്പിലെത്തിയതും മുന്‍പില്‍ കുഴിയാണോ കൊക്കയാണോ എന്നൊന്നും നോക്കാതെ ചിരച്ചുകൊണ്ടു പിന്നിലേക്ക്‌ ഒന്നേ നോക്കിയുള്ളൂ....!

ധിം തരികിട ധോം...എന്ന ഒരു സൌണ്ട് കേട്ടു കൂട്ടുകാര്‍ നോക്കിയപ്പോഴേക്കും 

കൊച്ചാപ്പിയും സൈക്കിളും അഞ്ചാറു കാരണം മറിഞ്ഞു വെള്ളമില്ലാത്ത കനാലിന്‍റെ അടിത്തട്ടില്‍ വീണിതല്ലോ കിടക്കുന്നു ശോണിതവുo അണിഞ്ഞ് അയ്യോ ശിവ: ശിവ:...!

അങ്ങനെ കൂട്ടുകാരും നാട്ടുകാരുമെല്ലാം കൂടെ വച്ചുകെട്ടി പോസ്റ്റുമോര്‍ട്ടം ചെയ്തിറക്കിയപോലെ കൊച്ചാപ്പിയെയും കൊണ്ടു വീട്ടിലെത്തിയപ്പോള്‍ അമ്മച്ചി എന്‍റെ കര്‍ത്താവേ... എന്നൊരു കാറിച്ചയും പിന്നെ നെടു നെടാന്നു വാഴ വെട്ടിയിട്ടതു പോലെ ഒരു വീഴ്ചയും...!!


യക്ഷി 13

ഒരു ദിവസ്സം കൊച്ചാപ്പിയും അനിയന്‍ വാറുണ്ണിയും പള്ളിക്കൂടം കഴിഞ്ഞു വന്നപ്പോള്‍ വീട്ടിലുള്ളവര്‍ വീടും പൂട്ടി കെടയോടെ എങ്ങോ പോയി.....!

അങ്ങനെ കടം പറഞ്ഞുo കളി പറഞ്ഞുo സമയം സന്ധ്യയായപ്പോള്‍ അങ്ങേലെ മറിയാമ്മ ചേടത്തി ഓടി വന്നു പറഞ്ഞു....മക്കളെ നിങ്ങളറിഞ്ഞില്ലേ...? അക്കരെലെ അപ്പച്ചന്‍റെ കൊച്ചപ്പന്‍ ചത്തുപോയി.... കേട്ടതും കൊച്ചാപ്പിയും വാറുണ്ണിയും ഞെട്ടി.....!

അക്കരെ എന്നു പറയുന്നത് ഒരുപാട് ദൂരെ അല്ലങ്കിലും ഇടക്ക് മനുഷ്യവാസം ഇല്ലാത്ത സ്ഥലം, പട്ടാപ്പകലു പോലും അക്കരക്കു ഒറ്റക്കു പോകാന്‍ എല്ലാവര്‍ക്കും പേടി....!

കാരണം പോകുന്നവഴിക്കു മാടനെയും മറുതയെയും കണ്ടു പേടിച്ചു വിറച്ചു ചത്തവരും പനിപിടിച്ചു ചത്തവരും ഒത്തിരിയുള്ള നാട്.....!

അതും പോരാഞ്ഞു പാതിരാക്കു ചൂട്ടും കത്തിച്ചു പോകുന്ന യക്ഷിയെ കണ്ടു കതക് അടച്ചിരിക്കുന്നവരും ഒത്തിരി....!

അരണ്ട നിലാവുള്ള രാത്രി, ഏതായാലും കൊച്ചാപ്പി പോകാന്‍ തന്നെ തീരുമാനിച്ചു, പക്ഷെ വാറുണ്ണി കൊച്ചാപ്പിയെ പോലെ അല്ല നല്ല സല്‍സ്വഭാവി അമ്മച്ചിയുടെ പുന്നാര മകന്‍......!

കൊച്ചാപ്പിയുടെ ധൈര്യം കണ്ടു വാറുണ്ണിയും ഒപ്പം കൂടി...പോകുന്നതിനു മുമ്പു മുന്‍ കരുതല്‍ എടുക്കാനും കൊച്ചാപ്പിയും വാറുണ്ണിയും മറന്നില്ല.....!

കൊച്ചാപ്പി പണ്ടെങ്ങോ അങ്ങേലെ കൊച്ചാട്ടന്‍ പറഞ്ഞ അറിവു വച്ച് ഇരുമ്പു കയ്യില്‍ ഉണ്ടങ്കില്‍ എക്ഷി അടുക്കില്ല പോലും...ഒരു പഴയ സൈക്കിള്‍ ചെയിന്‍ എടുത്തു അരയില്‍ ചുറ്റി..... വാറുണ്ണിയും അമ്മച്ചിയുടെ വായില്ലാത്ത മുറുക്കാന്‍ കത്തി കൈക്കലാക്കി.....!

യാത്ര തുടങ്ങും മുമ്പ് കൊച്ചാപ്പി വാറുണ്ണിയോടു പറഞ്ഞു എടാ വഴിയിലെങ്ങും നിക്കാതെ കൂടെ ഓടിക്കോണം....എന്തു വന്നാലും ഓട്ടം നിര്‍ത്തരുത്....വാറുണ്ണിയും സമ്മതിച്ചു.....!

അങ്ങനെ ഓടിക്കിതച്ചു മുക്കാല്‍ വഴി എത്തിയപ്പോഴുണ്ട്‌ റോഡിന്‍റെ വശം ചേര്‍ന്നു ദൂരെ ആകാശം മുട്ടെ ഒരു യക്ഷി നിന്നു കൈ ആട്ടി വിളിക്കുന്നു....!

കൊച്ചാപ്പിയും വാറുണ്ണിയും നിന്നിടത്തു നിന്നു വിളറി....അടിമുടി ഒരു വിറയല്‍...വാക്കുകള്‍ മുറിഞ്ഞു....പുറകിലേക്ക് ഓടാമെന്നു വച്ചാല്‍ ദേ..അവിടെയും ഒരു യക്ഷി....!

അപ്പോഴാണ്‌ കൊച്ചാപ്പി കടമറ്റത്തു കത്തനാരുടെ കാര്യം ഓര്‍ത്തത്....ഉടനെ വിളിച്ചു....കത്തനാര്‍ എത്തി...കൊച്ചാപ്പിയുടെ രോമകൂപങ്ങള്‍ എഴുന്നു....!

അരയില്‍ കിടന്ന സൈക്കിള്‍ ചെയ്ന്‍ എടുത്തു വായുവില്‍ കറക്കി പിന്നെ പതിയെ അടിവച്ച്.... അടിവച്ച്... മുന്നോട്ട്.....വാറുണ്ണി തച്ചോളി ഒതേനനെ പോലെ ഊരിപ്പിടിച്ച ഓലപ്പിച്ചാത്തിയുമായി വിറച്ചു വിറച്ചു പിന്നിലും......!

അടുക്കും തോറും നെഞ്ചിടിപ്പിന്‍റെ വേഗം കൂടി... ശബ്ദം കാതില്‍ പെരുമ്പറ പോലെ മുഴങ്ങി ....എന്തും സംഭവിക്കാം....!

അടുത്തു ചെന്നപ്പോഴുണ്ട് ഒരു പൂവന്‍ വാഴുടെ മുകളിലേക്കുള്ള വെളുത്ത ഇല ചെറുകാറ്റില്‍ കാറ്റില്‍ ആടുന്നു ....ഹോ ഒരു യക്ഷി കാണിച്ച പണിയേ.....!!


പ്രണയം 14

കൊച്ചാപ്പി എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മൊട്ടച്ചി എവിടുന്നോ ടി സി യും വാങ്ങി കൊച്ചാപ്പിയുടെ പള്ളിക്കൂടത്തില്‍ എത്തിയത്.....!

മൊട്ടച്ചി അതീവ സുന്ദരി....വട്ട മുഖം..മാന്‍ മിഴി പോലെയുള്ള കണ്ണുകള്‍,തലയില്‍ പേന്‍ പുഴുത്തിട്ടല്ല അവള്‍ മോട്ടച്ചിയായത്....സ്പ്രിംഗ് പോലുള്ള തലമുടി നേരെ ആക്കാന്‍ ഏതോ മണ്ടശിരോമണികള്‍ ഉപദേശിച്ച കുബുദ്ധിയാണ്....!

ഏതായാലും കൊച്ചാപ്പിക്കു മോട്ടച്ചിയെ നന്നായി അങ്ങു പിടിച്ചു....മൊട്ടച്ചിക്കാണങ്കില്‍ സുന്ദരനായ കൊച്ചാപ്പിയെ അതിലും ഏറെ പിടിച്ചു....അങ്ങനെ പ്രണയവും മൊട്ടിട്ടു...!

അങ്ങനെ കൊച്ചാപ്പിയും മോട്ടച്ചിയും ക്ലാസ്സിലെ ഒന്നാം നിരയിലെ ഒന്നാം സ്ഥാനക്കാരായി ടീച്ചര്‍മാര്‍ പഠിപ്പിക്കുമ്പോള്‍ പരസ്പരം കണ്ണു കൊണ്ടു പുതിയ പുതിയ മൌനഗാഥകള്‍ രചിച്ചുകൊണ്ടിരുന്നു....!

ആണ്ടു പരീക്ഷയുടെ അവസാന ദിവസ്സം വിട പറയുവാന്‍ വേണ്ടി കൊച്ചാപ്പിയും മൊട്ടച്ചിയും വരാന്തയില്‍ കണ്ടുമുട്ടി പിന്നെ അല്ലറ ചില്ലറ വര്‍ത്തമാനങ്ങള്‍ക്കു ശേഷം പിരിയാന്‍ നേരം മോട്ടച്ചി ചുരുട്ടി കൂട്ടിയ ഒരു കടലാസ് കൊച്ചാപ്പിയെ ഏല്‍പ്പിച്ചു തലയും താഴ്ത്തി ഒരു പോക്ക് പോയി....!

കൊച്ചനായ കൊച്ചാപ്പി ഞെട്ടിപോയങ്കിലും അടിമുടി ഒരു കുളിര് കോരിയതിനാല്‍ ആരും കാണാതെ കത്ത് ഭദ്രമായി പുസ്തകത്തില്‍ ഒളിപ്പിച്ചു പിന്നെ വീട്ടിലക്കുള്ള വഴിയില്‍ ഒറ്റശ്വാസത്തില്‍ വായിച്ചു തീര്‍ക്കുകയും ചെയ്തു......!

വീട്ടിലെത്തിയ കൊച്ചാപ്പി ആകെ പരവശനായി കാരണം പ്രണയ ലേഖനം എവിടെ ഒളിപ്പിക്കും..?. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ഒടുവില്‍ അന്നേരം തോന്നിയ മണ്ടബുദ്ധി ഉപയോഗിച്ച് ഇട്ടിരുന്ന ബനിയന്‍റെ ഉള്ളില്‍ സ്വന്തമായി ഒരു പോക്കറ്റ് വച്ചു പിടിപ്പിച്ചു ഊണിലും ഉറക്കത്തിലും കൊച്ചാപ്പി കത്തിന് കാവലിരുന്നു....!

പിറ്റേ ദിവസ്സം സ്കൂളില്‍ പോകാന്‍ നേരം കത്തിന്‍റെ കാര്യം മറന്ന കൊച്ചാപ്പി ബനിയന്‍ ഊരി കഴുകാന്‍ വേണ്ടി അമ്മച്ചിയെ ഏല്‍പ്പിച്ചു....!

ബനിയന്‍ തിരിച്ചും മറിച്ചും നോക്കിയ അമ്മച്ചി പ്രണയ ലേഖനം കണ്ടു ഞെട്ടി.....പിന്നെ ഒരു അലര്‍ച്ച... എടാ...കൊച്ചാപ്പിയെ.....എന്തുവാടാ ഇത്...?.

ഓടിയെത്തിയ കൊച്ചാപ്പിക്കു കാര്യം അത്ര പന്തിയല്ലന്നു മനസ്സിലായതുകൊണ്ട് ഇത്തിരി ദൂരെ നിന്നു ചമ്മി ചുളിഞ്ഞു മൊഴിഞ്ഞു....ആ...എനിക്കൊന്നും അറിയില്ല...അവള്‍ തന്നതാ....!

അമ്മച്ചിക്ക് അവളുടെ അപ്പനെ നേരിട്ട് അറിയാവുന്നതുകൊണ്ട് ഒട്ടും സമയം കളയാതെ അവളുടെ വീട്ടില്‍ ചെന്ന്‍ കത്ത് അവളുടെ അപ്പനെ തന്നെ ഏല്‍പ്പിച്ചു....അങ്ങനെ ആറ്റുനോറ്റിരുന്ന കൊച്ചാപ്പിയുടെ എട്ടാം ക്ലാസ്സിലെ പ്രണയം എട്ടു നിലയില്‍ പൊട്ടി......!!


പഴംപൊരി 15

കൊച്ചാപ്പിയുടെ മറ്റൊരു കൂട്ടുകാരനായിരുന്ന കിട്ടുവിന്‍റെ അപ്പനു പട്ടക്കട(കളര്‍ ലെസ്സ്)....അപ്പന്‍ ഇടക്ക് പട്ടയടിക്കും അന്നു പിന്നെ പട്ടിയും കടിക്കും.....!

അപ്പന്‍ വെളിയില്‍ പോകുമ്പോള്‍ കച്ചവടം കൊച്ചനായ കിട്ടുവിനെ ഏല്‍പ്പിക്കും അങ്ങനെ പട്ടയും മുട്ടയും കഴിച്ചു ആവശ്യാനുസ്സരണം കട്ടുമുടിച്ചു കിട്ടു അപ്പനെ കുത്തുപാള എടുപ്പിച്ചു കൊണ്ടിരുന്ന കാലം....!

ഒരു ദിവസ്സം കൊച്ചനായ കൊച്ചാപ്പി പട്ടക്കടയുടെ മുന്നില്‍കുടി പോകുമ്പോള്‍ കൊച്ചനായ കിട്ടു അകത്തു നിന്നും ഒരു കൂവല്‍ കൂയ്...കൂയ്...അങ്ങനെ കൊച്ചാപ്പിയും കിട്ടുവും കണ്ടുമുട്ടി...!

അപ്പന്‍ വന്നപ്പോള്‍ കിട്ടു കൈ നിറയെ നോട്ടുമായി ഒറ്റമുങ്ങല്‍ അങ്ങനെ പള്ളിക്കൂടത്തില്‍ വച്ച് കൊച്ചാപ്പിയും കിട്ടുവും വീണ്ടും കണ്ടു മുട്ടിയതും കിട്ടു പറഞ്ഞു എടാ നമുക്കു മുങ്ങാം....കൊച്ചാപ്പി ഞെട്ടി ചോദിച്ചു എങ്ങോട്ട്....?

ധീരനായ കിട്ടു ഉപായം കണ്ടെത്തി നമുക്കു മദ്രാസിനു പോകാം...പത്തുപൈസ തികച്ചു കയ്യിലില്ലാത്ത കൊച്ചാപ്പി വീണ്ടുo ഞെട്ടി.... പോരാത്തതിന് അമ്മച്ചി കരയുമെന്നോര്‍ത്തപ്പോള്‍ അതിലും ഞെട്ടി....!

പക്ഷെ കിട്ടിവിനു പോയെ അടങ്ങൂ....മദ്രാസ്‌ ഒന്ന് കാണാമല്ലോ എന്നു വച്ചു വേണേല്‍ പിന്നെ കൂട്ടുവരാമെന്നായി കൊച്ചാപ്പി....അങ്ങനെ കൊച്ചാപ്പിയും കിട്ടുവും യാത്രയായി...!

എങ്ങോട്ടു പോകണമെന്നറിയാതെ കണ്ടവണ്ടിക്കു കേറി കായoകുളത്തിറങ്ങി പഴംപൊരിയും കഴിച്ച് പിന്നെ കിട്ടിയ വണ്ടിക്കു ചെങ്ങന്നൂരിലിറങ്ങി ട്രെയിയിനും കണ്ടപ്പോള്‍ നേരം രാത്രി....!

കൊച്ചാപ്പിക്കു വിറയല്‍ തുടങ്ങി....മയിലും വേണ്ട മദ്രാസും വേണ്ട എങ്ങനെങ്കിലും വീട്ടില്‍ പോയാല്‍ മതിയെന്ന് കൊച്ചാപ്പി , എന്തു വന്നാലും വീട്ടിലെക്കില്ലന്നും പറഞ്ഞു കിട്ടുവും....!

അങ്ങനെ കടമുറ്റത്തു കത്തനാര്‍ നാടകവും കണ്ടു ഒരുകണക്കില്‍ നേരം വെളുപ്പിച്ചു, പിന്നെ കിട്ടുവിന്‍റെ കയ്യീന്ന് വണ്ടിക്കൂലിയും വാങ്ങി കൊച്ചാപ്പി ഒരുവിധം വീടണഞ്ഞു.....!

പിരിയുന്നതിനു മുമ്പ് കൊച്ചാപ്പിയെ കൊണ്ടു ആണയിടീക്കാനും കിട്ടു മറന്നില്ല....തമ്മില്‍ കണ്ട കാര്യം ആരോടും പറയരുത്.....!

സത്യം പറയാന്‍ കഴിയാതെ രണ്ടു മൂന്നു കൊല്ലം കൊച്ചാപ്പി വീര്‍പ്പുമുട്ടിയപ്പോള്‍ ഒരു ദിവസ്സം മദ്രാസ്സിനു പകരം റബ്ബര്‍ കറ എടുത്തു തളര്‍ന്ന കിട്ടു പ്രവാസ്സവും മതിയാക്കി തിരിച്ചെത്തി...!!


പുന്ന്യാളനും പഴവും 16

എല്ലാ കൊല്ലത്തെയും പോലെ കോഴിയെ പിടിക്കാനായി പുന്ന്യാളനും തിരുനാളും എത്തി...അങ്ങനെ വല്ല പെരുന്നാളോ കല്യാണമൊ ഒക്കെ വന്നാലെ കൊച്ചാപ്പിക്കു വിരുന്തു പോകാനും കഴിയൂ....!

നറുക്കിട്ട് നോക്കിയപ്പോള്‍ വല്ല്യമ്മയുടെ വീട്ടില്‍ പോകാന്‍ കുറി വീണു, അവിടെയാവുംപോള്‍ അല്ലറ ചില്ലറ എന്തെകിലും നക്കാനും കൊച്ചനായതുകൊണ്ട് കൊച്ചാപ്പിക്ക് കിട്ടും....!

അങ്ങനെ കൊച്ചാപ്പി അവിടെയെത്തിയപ്പോള്‍ വല്ല്യപ്പന്‍ ഇടക്കൊക്കെ ഇത്തിരി അടിച്ചു പൂസ്സായി ദിവസ്സോം കുറേശ്ശെ പുന്ന്യാളന്‍ ആയികൊണ്ടിരുന്നു....!

അതിനിടയില്‍ വല്യമ്മ കൊച്ചാപ്പിക്കും കൊടുത്തു ഒരു കുഞ്ഞു പണി...വാഴക്കുല പഴുക്കവക്കണമത്രേ, അതിനു വട്ടത്തോലും പാലയിലയും വേണം....!

വല്യമ്മ പറഞ്ഞതായതുകൊണ്ടും രണ്ടുനാള്‍ കഴിഞ്ഞുള്ള അപ്പവും കോഴിക്കറിയും ഓര്‍ത്തും കൊച്ചാപ്പി ഒരു കത്തിയും സംഘടിപ്പിച്ചു നേരെ പറമ്പിലേക്ക് വച്ചുപിടിച്ചു.....!

അന്നായിരുന്നു കൊച്ചാപ്പി പൂര്‍ണ്ണ മനസ്സോടെയും പൂര്‍ണ്ണ ആത്മാവോടെയും കര്‍ത്താവിന്‍റെ നാമത്തില്‍ ഒരു പണി നന്നായി ചെയ്തത്....!

പറമ്പില്‍ കണ്ട മുഴുവന്‍ വട്ടയുടെയും തൊലി ഞൊടിയിടയില്‍ പടപടാന്നു ഇരിച്ച് ഉടന്‍ വല്ല്യമ്മയുടെ മുന്‍പില്‍ എത്തിച്ചു.....!

ഒരുകൊട്ട നിറയെ വട്ടത്തോലിയുമായി വന്ന കൊച്ചാപ്പിയെ കണ്ടു വല്യമ്മ ഞെട്ടി...പിന്നെ അന്തംവിട്ടു വാപൊളിച്ചു ചോദിച്ചു ഇതെന്തിനാടാ മക്കളെ... ഇതത്രയും വട്ടത്തോലി...?.

കൊച്ചാപ്പിയും തിരിച്ചടിച്ചു....അമ്മച്ചിയല്ലേ പറഞ്ഞത് വട്ടത്തൊലി കൊണ്ടുവരാന്‍...ആഹാ...നല്ല കാര്യം....!

കൊച്ചാപ്പിയുടെ മണ്ടബുദ്ധിയും അമ്മച്ചിയുടെ ഗ്രാമര്‍ മിസ്റ്റ്റ്റെക്കും ഒന്നിച്ചപ്പോള്‍ ഉണ്ടായ കൂട്ടച്ചിരിയില്‍ വാഴക്കുല തന്നെ പഴുത്തു....അങ്ങനെ പെരുന്നാളും കടന്നുപോയി...!!


കരിമ്പ് 17

വിരുന്നു പോയി വന്ന കൊച്ചാപ്പിക്കു അമ്മച്ചി ഹൃദ്യമായ സ്വീകണം നല്‍കി.....അങ്ങനെ ചെയ്തതിനു അമ്മച്ചിക്ക് വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു....!

കൊച്ചനായ കൊച്ചാപ്പിയെ സോപ്പിട്ടാലെ വല്ല്യമ്മയുടെ വീട്ടിലെ രഹസ്യങ്ങള്‍ ചോര്‍ത്നാത്താവൂ എന്നിട്ട് വേണം മറ്റു പെണ്ണുങ്ങള്‍ കൂടുമ്പോള്‍ അമ്മച്ചിക്ക് നാലു പരദൂഷണം പറഞ്ഞു ചിരിക്കാനാവൂ.....!

അങ്ങനെ കൊച്ചാപ്പിയുടെ വീക്ക്നെസ്സ് അറിഞ്ഞ അമ്മച്ചി നല്ല അടിപൊളി പഴംകഞ്ഞി പെരുന്നാളിന്‍റെ പുളിച്ച സാമ്പാറും മോരും തീയലും എല്ലാoകൂട്ടി കൊച്ചാപ്പിക്കു കൊടുത്തു.....!

മനസ്സു നിറഞ്ഞ കൊച്ചാപ്പി പഴംകഞ്ഞിയുടെ മണം അടിച്ചു മത്തുപിടിച്ച് ചെളികണ്ടം പൂട്ടിയതുപോലെ എല്ലാംകൂടെ ചവുട്ടി കുഴച്ചു മട മടാന്നു വീശികൊണ്ടിരുന്നപ്പോഴാണ് ഇടക്ക് കിരു കിരാന്നു കരിമ്പ് പൊട്ടുന്നതുപോലെ ഒരു പൊട്ടല്‍ കേട്ടത്....!

പൊട്ടലില്‍ പന്തികേട്‌ തോന്നിയ കൊച്ചാപ്പി പുറത്തേക്കെടുത്ത പൊട്ടിയ കരിമ്പു കണ്ടു ഞെട്ടി.....നല്ല ഒന്നാന്തരം പറക്കും തളിക...സംശയിക്കണ്ട പാറ്റ തന്നെ....!

അങ്ങനെ കക്കി കുടലു പറിഞ്ഞ കൊച്ചാപ്പി ജീവതത്തില്‍ എന്നേക്കുമായി പഴകഞ്ഞിക്ക് അന്ത്യകൂദാശ ചൊല്ലി എന്നുമാത്രമല്ല അമ്മച്ചി മനക്കോട്ട കണ്ടിരുന്ന പരദൂഷണം പറയാനും പറ്റിയില്ല....!!


അജു ജോര്‍ജ് മുണ്ടപ്പള്ളി.



കവിത
              ______ശുഭദിനം_____

ഒരുദിനം നീയെന്‍റെ ചാരത്തണയുമ്പോള്‍ ,
എന്നുയിരിന്‍റെ കാമ്പും പറിച്ചുനല്‍കാം...!
നല്ലോരീ പുലരിയിലൊരു  മയില്‍പ്പീലിയായ് ,
നന്മകള്‍ നേരുന്നുഞാനെന്‍റെ  കൂട്ടകാരെ....!

അരുതെന്നു നീയെത്ര ചൊല്ലി എന്നാകിലും ,

പറയാതെ ഇരിക്കുവാന്‍ ആവില്ലെനിക്കിനി
അത്രമേല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നിതാ
ശുഭദിനം നിത്യവും പാടി ഉണര്‍ത്തുവാന്‍....!

അജുജോര്‍ജ് മുണ്ടപ്പള്ളി.

കവിത

മിനാരങ്ങളില്‍ നിന്നൊരു യാത്ര

ഉരുകിയുരുകി തീരുന്നയീ ജന്മത്തില്‍ ,
വറ്റിവരണ്ട നിന്‍റെ കണ്ണുകളില്‍നിന്നും 
ഒലിച്ചിറങ്ങുന്ന ജീവരക്തത്തില്‍ മുക്കി 
ആത്മാവുചാലിച്ച് നിരക്ഷരനായ എന്‍റെ 
തൂലികയാല്‍ എഴുതുമ്പോള്‍ ന്യയാസ്സനങ്ങള്‍ 
കണ്ണുതുറക്കണമെന്നില്ല , നിന്‍റെവിലാപം 
കേള്‍ക്കുവാന്‍ ബധിതലോകത്തിന്‍റെ 
കാതുകേള്‍ക്കണമെന്നില്ല, നിന്‍റെ പൊരിയുന്ന 
വയറിനു വിശപ്പടക്കാനും കഴിയണമെന്നില്ലങ്കിലും ,
തെരുവില്‍ പിടയുന്ന നിന്‍റെ പ്രാണനു
കൂട്ടായിരിക്കട്ടെ എന്‍റെയീ വൃത്തവും
ഇതിവൃത്തവുമില്ലാത്ത അക്ഷരകൂട്ടുകള്‍....!

ചരിത്രമുറങ്ങുന്ന നൈസ്സാമിന്‍റെ നഗരത്തിലെ ,
വിസ്മൃതിയിലായ ചെങ്കോലിന്‍റെയും
സിംഹാസ്സനങ്ങളുടെയും കഥപറയുന്ന
രഥചക്രങ്ങളുരുണ്ട നിണം മണക്കുന്ന
വീഥികളുടെ മദ്ധ്യത്തില്‍ തിളങ്ങിനില്‍ക്കുന്ന
നാലു മിനാരങ്ങളുടെ മുകളില്‍ നിന്നും ദൂരെ
ചാരുതയാര്‍ന്ന ഹൈ-ടെക് നഗരത്തിന്‍റെ
തുടിപ്പും ആഡംബരത്തിന്‍റെ പിടപ്പും കാണാം..!

ചരിത്രശേഷിപ്പുമായ് തലയുയര്‍ത്തി നില്‍ക്കുന്ന ,
താഴികക്കുടങ്ങള്‍ക്ക് കീഴെയൊഴുകുന്ന ജന:
മഹാ സമുദ്രത്തിനിടയില്‍ നഗരക്കാഴ്ചകള്‍
കണ്ടാസ്വദിക്കുന്ന സഞ്ചാരികളും പിന്നെ
അധികാരത്തിന്‍റെ അപ്പം പിച്ചിക്കീറാന്‍
വെമ്പുന്ന മാറിമാറി വരുന്ന ഭരണാധികാരികളും
അതിനുമപ്പുറം കണ്ണുകെട്ടിയതിനാല്‍ കാഴ്ച
മറക്കപ്പെട്ടയൊരു നീതിദേവതയുമുണ്ട്.....!

അതിനുo താഴെ ഭരണഘടനയില്‍ നിന്നും ,
പുറത്താക്കപ്പെട്ട നഗര മാലിന്യങ്ങളുണ്ടതില്‍
പിഞ്ചിനാറിയ അല്‍പ്പ വസ്ത്രത്തിനുള്ളിലായ്
നഗ്നതമറച്ചു പട്ടിണി കോലങ്ങലായ
കുഞ്ഞുങ്ങളെ ഒക്കത്തുവച്ചു ദൈന്യതയോടെ
കൈനീട്ടുന്ന അമ്മമാരുണ്ട്, അവളുടെ
നഗ്നത ആസ്വദിക്കുന്ന കപടസദാചാരമുണ്ട്,
ഇരുളിന്‍റെ മറവില്‍ കത്തിപ്പടരുന്ന
കാമാഗ്നിയില്‍ അനാഥമാക്കപ്പെട്ട
കുഞ്ഞു ബാല്യങ്ങളുണ്ട്‌, പണത്തിന്‍റെയും
കയ്യൂക്കിന്‍റെയും കാപട്യത്തിന്‍റെയും
മുഖമൂടി അണിഞ്ഞ ചെന്നായ്ക്കള്‍ പിച്ചിചീന്തിയ
പ്രീയ സോദരിമാരുടെ വിലാപവുമുണ്ട്....!

അങ്ങുദൂരെ ചേരിയിലെവിടെയോ കരിന്തിരി ,
കത്തുന്ന മണ്‍ചിരാതുകള്‍ക്ക് വെളിച്ചമേകാന്‍
പകലിന്‍റെപകയില്‍ കിതച്ചും ചുമച്ചും
നീങ്ങുന്നസൈക്കിള്‍ റിക്ഷകള്‍ ഉണ്ട്, പിന്നെ
ഉറ്റവരുമുടയവരും ഇല്ലാതെ അന്തിയുറങ്ങാന്‍
ഇടമില്ലാത്ത വൃദ്ധരും രോഗികളുമായ
വെറുക്കപെട്ടവരായ ഒരു സമൂഹമുണ്ട്‌,
അവരുടെ വിലാപങ്ങള്‍ക്ക് കൂട്ടായി
കറുത്തിരുണ്ട്‌ നുരയും പതയുമായി
മ്യുസി നദിയുമുണ്ടീ നഗരത്തില്‍....!

വിവിധ സംസ്ക്കാരങ്ങളില്‍ ജനിച്ചുവളര്‍ന്ന ,
എന്‍റെയും നിന്‍റെയും ഭാഷ വ്യത്യസ്തമെങ്കിലും
ഇവരുടെ ഹൃദയമെന്നോടു സംവദിക്കുന്നതും
ഇവരുടെ ആത്മാവെന്നോടു മൊഴിയുന്നതുo
എനിക്കെന്‍റെ കാതില്‍ കേള്‍ക്കാന്‍കഴിയുന്നു....!

കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്കു മുന്‍പില്‍ ,
നിന്നുകേഴുമ്പോള്‍ പുറംകാലുകൊണ്ട്‌ നീ
അനുദിനം ചവിട്ടി മെതിക്കപ്പെട്ടപ്പോള്‍
നിസ്സഹായനായ ഞാനും മുഖംതിരിച്ചു
നടന്നുപോയി ഒരക്ഷരമുരിയാടാതെ, പക്ഷെ
ഞാന്‍ പോയയിടത്തോക്കെ നീയെന്നെ പിന്തു-
ടര്‍ന്നു കൃഷ്ണദേവരായരുടെ നഗരിയിലും
ശിവാജിയുടെ മഹാസാമ്രാജ്യത്തിലും ഒടുവില്‍
ആയിരത്തൊന്നു രാവുകളുടെ കഥപറയുന്ന
അറേബ്യന്‍ മണലാരണ്യത്തിലും... അല്ല
നീയറിയാതെ ഞാന്‍ നിന്നെ
അവിടെയെല്ലാം പിന്തുടരുകയായിരുന്നു....!

വിധിയുടെ ബലിമൃഗമായി നിങ്ങളിനിയും ,
അലയാതിരിക്കാന്‍, കരുണവറ്റിയ ലോകത്ത്
ഇനിയും എരിഞ്ഞുതീരാതിരിക്കാന്‍, എന്‍റെയും
നിന്‍റെയും ആത്മാക്കളെ കൂട്ടിയുരുക്കി
ഞാന്‍ നിനക്കുതീര്‍ക്കുന്നയീ സമാധിയില്‍
വിശക്കുമ്പോള്‍ ഭക്ഷണവും ദാഹിക്കുമ്പോള്‍
ജീവജലവുമായി എന്‍റെ അക്ഷരങ്ങള്‍
നിനക്കു കൂട്ടായിരിക്കട്ടെ.... കുറഞ്ഞപക്ഷമീ
ലോകം എല്ലാവുരുടെതും ആണന്നുതിരിച്ചറിയ-
പ്പെടുന്നയൊരു നിമിഷം വരെയെങ്കിലും.....!

ശാപത്തിന്‍റെ കൊടുംകാറ്റിനിയും ആഞ്ഞുവീശട്ടെ ,
ന്യായാസ്സനങ്ങള്‍ ഇനിയും ഇളകി തെറിക്കട്ടെ...
അന്ത്യപ്രവാചകരും പുതിയ സുവിശേഷങ്ങളും
ഇനിയും ഉടലെടുക്കട്ടെ...എന്നിട്ടു പാവപ്പെട്ടവനും
പണക്കാരനുമില്ലാത്ത സവര്‍ണ്ണനും അവര്‍ണ്ണനും
ഇല്ലാത്ത മനുഷ്യസ്നേഹത്തിന്‍റെ പുതിയമതം
ഭൂവിലെങ്ങും സംജാതമാകട്ടെ......ശാന്തി........!



അജുജോര്‍ജ് മുണ്ടപ്പള്ളി.




കവിത

____ഹൃദയസന്ദേശം___

സ്നേഹിതാ...നീ ,
എന്നെ മറന്നുവെന്നു ഞാന്‍ കരുതി
അപ്പോഴാണ് സിങ്കപ്പൂരിലെ
തണുത്ത പ്രഭാതത്തില്‍ നിന്നും 
എന്‍റെ മുഖപുസ്തകത്തില്‍
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു 
ലൈക് എന്നെത്തേടി വന്നത്....!

അല്ലെങ്കിലും ,
നിനക്കിപ്പോള്‍
ഓര്‍ക്കാന്‍ എവിടെ സമയം,
ഈ മണലാരണ്യത്തിലെ
വിയര്‍പ്പിലും ഉപ്പുകാറ്റിലും
നാറിയ കുപ്പായവുമിട്ടു
കരിഓയില്‍ പുരണ്ട മണ്ണില്‍
കുത്തിയിരുന്നു വെയിലു
കൊണ്ടുണങ്ങിയ കുബ്ബൂസ്
കീറിമുറിച്ചു കഴിക്കാനാവാതെ
പരസ്പരം മുഖാമുഖം നോക്കി
പയ്യാരം പറഞ്ഞതും സങ്കടം
ഒരു കടലോളം നിശബ്ദമായി
നമ്മള്‍ കുടിച്ചു തീര്‍തത്തതും.....!

പിന്നെ ,
പൊള്ളുന്ന മണല്‍പാതയിലൂടെ നാം
ഒന്നിച്ചു നടന്നു ജീവിതത്തിന്‍റെ
പടവുകള്‍ ചവുട്ടിക്കയറിയതും
ചുവടുതെറ്റി ഞാന്‍ ഇടയ്ക്കു
വീണതും പിന്നിലേക്ക്‌ നോക്കാതെ
നീ വിജയത്തിന്‍റെ പടവുകള്‍ താണ്ടി
ബഹുദൂരം പോയപ്പോള്‍
നീയറിയാതെ ഞാന്‍ പിന്നില്‍ നിന്ന്
വേദന മറന്നും സന്തോഷാശ്രുക്കള്‍
പൊഴിച്ചതുമൊന്നുo നീയിന്നു
ഓര്‍ക്കാനിടയില്ലയെങ്കിലും
ഞാന്‍ എന്നും കാണുന്നു നിന്നെയും
നിനക്കു ചുറ്റും സന്തോഷത്താല്‍
പൊട്ടിച്ചിരിക്കുന്ന കുറെ മുഖങ്ങളും...!

പട്ടിണിയുടെയും ,
ദാരിദ്യത്തിന്‍റെയും തിരുമുറ്റത്തു
പിറന്നു വീഴുകയും പരിഹാസത്തിന്‍റെ
പൊള്ളുന്ന വാക്ക് ശരങ്ങളാല്‍
ഹൃദയത്തില്‍ കുത്തി എല്ലാവരും
മുറിവേല്‍പ്പിക്കുകയും എന്‍റെ
ദൈത്യാവസ്ഥയില്‍ ആനന്ദo പൂണ്ടു
പൊട്ടിച്ചിരിക്കുകയും ചെയ്തവരുടെ
കൂട്ടത്തില്‍ നീയില്ലെന്നും എനിക്കറിയാം...!

പാതിവഴിയില്‍ ,
പടവില്‍ തട്ടി ഞാന്‍
വീണുവെങ്കിലും തോല്‍ക്കാന്‍
മനസ്സില്ലായിരുന്നതു കൊണ്ടും
കരിന്തികത്തുന്ന കുറെ മുഖങ്ങള്‍
എനിക്ക് ചുറ്റും ചിറകു കൊഴിഞ്ഞ
മിന്നാ മിനുങ്ങുകളെ പോലെ നൃത്തം
വച്ചപ്പോള്‍ ഞാനും സ്വയം മറന്നു
ജീവിക്കുകയായിരുന്നു അവര്‍ക്കിത്തിരി
എങ്കിലും വെളിച്ചം പകരുവാന്‍വേണ്ടി...!

പക്ഷെ ,
അറിയില്ല ഞാന്‍
പകരുന്ന കുഞ്ഞുജ്വാലയില്‍ നിന്നുമവര്‍
നാളെയൊരു പകലായി കത്തിജ്വലിക്കുംപോള്‍
പ്രവാസ്സത്തിന്‍റെ തീച്ചൂളയില്‍ ഉരുകി
എരിഞ്ഞുതീരുന്ന എന്‍റെ കണ്ണുകള്‍ക്ക്
ആ വെളിച്ചം കാണാന്‍ ആവുമോയെന്ന്‍
കാരണം അത്രമേല്‍ എന്‍റെ മനസ്സും
ശരീരവും ഇവിടുത്തെ പൊള്ളിയ
മണലുപോലെ നിറം മങ്ങിയിരിക്കുന്നു.....!

അന്നൊരിക്കല്‍ ,
വെള്ളപ്പട്ടു ധരിച്ച ആ സ്നേഹത്തിന്‍റെ
മാലാഖ പ്രണയത്തിന്‍റെ രൂപത്തില്‍
നിന്നെതേടി എത്തിയില്ലായിരുന്നെങ്കില്‍
ഒരുപക്ഷെ നീയും ഈ മണല്‍ക്കാട്ടില്‍
എന്നെപോലെ നിറംമങ്ങിയ സ്വപ്നങ്ങളുമായി 

എരിഞ്ഞൊടുങ്ങുമായിരുന്നില്ലേ.....?.

അറിഞ്ഞോ ,
അറിയാതെയോ വര്‍ഷങ്ങള്‍ക്കു ശേഷം
നീ തന്ന ഒരു കുഞ്ഞു ലൈക്കില്‍
എന്‍റെ ഹൃദയമെത്ര സന്തോഷിക്കുന്നുവെന്ന്
ഒരുപക്ഷെ നിനക്കറിയില്ലായിരിക്കാം
എങ്കിലും വാക്കുകള്‍ക്കതീതമായി എന്‍റെ
ഹൃദയം നിന്നോട് മന്ത്രിക്കുന്ന ഒരു ഭാഷയുണ്ട്
അതു നീ കേള്‍ക്കാതിരിക്കരുത്....നന്ദി.....! 


അജുജോര്‍ജ് മുണ്ടപ്പള്ളി.


കവിത


  ____ശുഭരാത്രി____

ഉറങ്ങിയവര്‍നല്ലപുലരികണ്ടുണരട്ടെ ,
ഉറങ്ങാത്തവരിനിയുംനേരുരുചികയട്ടെ...!
വീണ്ടുമൊരുസമാഗമനിമിഷംവരേക്കും ,
സ്നേഹമോടോതുന്നുയെന്‍റെശുഭാരാതി....!

പകലെമറഞ്ഞിന്നുപാര്‍വ്വണബിംബവും ,
പലവഴിയായിപിരിയുന്നുനാമുമീനേരo...!
വിടചൊല്ലുവാനായിവെമ്പുന്നയീമാനസo ,
മറക്കാതെയോതുന്നൊരുനല്ലശുഭരാത്രി.....!

ഇനിയുമീതീരത്തുനീയെത്തുംവരേക്കുo ,
ഒരുതിരിനാളമായെരിയുമീഓര്‍മ്മകള്‍‍....!
ഭൂപാളംപാടുന്നപുലരിയെകാത്തുനാം ,
ശുഭരാത്രിചൊല്ലിപിരിഞ്ഞിടാംകൂട്ടരേ...!

പകലിന്‍റെയാരവമെല്ലാമെരിഞ്ഞടങ്ങി ,
പരിദേവനങ്ങളൊക്കെബാക്കിയിന്നും . 
പകയേതുമില്ലാതെനാമുറങ്ങീടുവാന്‍ ,
പാവനശുഭരാത്രിനേരുന്നൂകൂട്ടുകാരേ...!

നീ മറന്നോരാനിമിഷങ്ങളൊക്കെയിന്നു ,
സഖീ..കടമെടുക്കുന്നുഞാനീസന്ധ്യയില്‍.
വിടവാങ്ങിമറയുവതിനുമുമ്പെയൊരു ,
സ്നേഹചുംബനംനിറുകയിലേറ്റുവാന്‍
ഞാനിന്നുനേരുന്നുനല്ലോരുശുഭരാത്രി.....!

അജുജോര്‍ജ് മുണ്ടപ്പള്ളി.