2014 ജനുവരി 19, ഞായറാഴ്‌ച

****മണല്‍ക്കാട്****
മണല്‍ക്കാടെന്നത് കഥയല്ലിവിടെ,
കരിയുന്നവരുടെ കനവാണ്.
ഈ മണല്‍ക്കാട്ടിലൂടങ്ങിങ്ങു നീളും,
ഒറ്റയടിപ്പാതകള്‍, ജീവിത ചൂളകള്‍.
ഒട്ടക ചാലിലെ ചാണകക്കൂനയില്‍,
ഏതോ പതിതന്‍റെ നിണമാര്‍ന്ന പാടുകള്‍,
കാലം മെനഞ്ഞോരു മെതിയടിപ്പാടുകള്‍.
ഉടുതുണിക്കൊരു മറുതുണിയില്ല,
തൊണ്ടനനക്കാനായി ഉമിനീരില്ല,
തണല്‍ തേടാനോ നിഴലുകള്‍ മാത്രം.
ഒട്ടക കൂട്ടങ്ങളല്ലാതെ, മറ്റൊന്നുമില്ലീ,
മരുക്കാട്ടില്‍ ഉരിയാടി നില്‍ക്കുവാന്‍,
പതം പറഞ്ഞീടുവാന്‍, കണ്ണീരു കാണുവാന്‍.
ഈ മണല്‍ക്കാട്ടിലൂടിഴയും പാതയില്‍,
വീശുമൊരു ഉപ്പുകാറ്റിനും,വിയര്‍പ്പിന്‍ മണം,
പിന്നെ, മരുക്കാട്ടിലെങ്ങോ മരുപ്പച്ച തേടി,
അലയും മനുഷ്യന്‍റെ മരിപ്പിന്‍റെ ഗന്ധം.
വറ്റി വരണ്ട ചോരത്തുള്ളിയില്‍,
ഹൃദയം പൊട്ടി മരിക്കുമ്പോഴും,
മറ്റുള്ളവരുടെ നന്മക്കായി വെമ്പും,
കുഞ്ഞു, മനസ്സാണിവിടെ മണല്‍ക്കാട്.
പകലോന്‍റെ പകയുടെ, പകല്‍ച്ചൂളയിലെങ്ങും,
തലചോറുവെന്ത ജീവിതക്കോലങ്ങള്‍,
മഞ്ഞ നിറഞ്ഞോരറബി കഥയിലെ,
കാണാ കഥയിതു മണല്‍ക്കാട്.

സസ്നേഹം,
അജു ജോര്‍ജ് അടൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ