2014 ജനുവരി 19, ഞായറാഴ്‌ച

****ഒരു കിളിപ്പാട്ട്****
എന്നിലെ പക്ഷിക്കു കൂടുവേണം,
കൂട്ടിലിളം കിളി കൂട്ടുവേണം,
മുറിവേറ്റ ചങ്കിലെ ചോര കണ്ട്,
കൂട്ടിലെ പൈങ്കിളി താങ്ങാവണo.

പണ്ടു പാടങ്ങള്‍ വറ്റിവരണ്ട കാലം,
കതിര്‍ മണി തേടി പോയനേരം,
നെറികെട്ട വേടന്‍റെ അമ്പുകൊണ്ട്,
നെഞ്ചകം വല്ലാതെ വീണ്ടുകീറി.

പറക്കമുറ്റാത്തയെന്‍ കുഞ്ഞുങ്ങളെ,
കാനനശ്ചായയില്‍ ചേര്‍ത്തിടുവാന്‍,
ചങ്കിലെ, നൊമ്പരം മറന്നുപറന്നിടണം,
ദൂരെ കൂടണയുന്ന ദിനം വരെയും.

കാനനശ്ചായയില്‍ എത്തിയപ്പോള്‍,
അവര്‍ പാറിപ്പറന്നു നടക്കയായി,
കൂട്ടിനിണക്കിളി കൂട് തേടി പിന്നെ,
തീരങ്ങള്‍ തേടി പറന്നു പോയി.

വഴിക്കണ്ണുമായി ആ തള്ളക്കിളി,
ഓരോ ദിനവും കാത്തിരുന്നു,
ഹൃദയംനുറുങ്ങുമാ കാഴ്ച കണ്ട്,
മിഴിപ്പക്ഷിയായവള്‍ പറന്നുപോയി,

ഒടുവിലെനിക്കെന്‍റെ കൂട് മാത്രം,
കൂട്ടിനിരിക്കുവാന്‍ ഓര്‍മ മാത്രം,
നാളെ പുലരിയില്‍ പാടുവാനീ,
പാവം കിളിയുടെ ഏട് മാത്രം...

സസ്നേഹം,
അജു ജോര്‍ജ് അടൂര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ