2014 ജനുവരി 19, ഞായറാഴ്‌ച

---എരിയുന്നചിത---

ഒട്ടിയവയറും ഉന്തിയവാരിയെല്ലുകളുo പേറി,
പട്ടിണിയുടെ പേക്കൊലമായി
ഞാന്‍പിറന്നു വീണപ്പോള്‍
പുച്ചത്തോടെ എന്‍റെ നെഞ്ചില്‍ മഴവില്ലുകണ്ട്
പൊട്ടിച്ചിരിച്ച നിന്നോടിന്നു ഒടുങ്ങാത്ത
പകയാണ് എന്‍റെ നെഞ്ചില്‍...!

മുഷിഞ്ഞു നാറുന്ന തുളവീണ നിക്കറുമായി ,
ഞാന്‍ തെരുവിന്‍റെ ഓരത്ത് കൂട്ടുകാരില്ലാതെ
ഒറ്റയ്ക്ക് കളിച്ചപ്പോള്‍ പരിഹസിച്ച
നിന്നോട് കലിയാണിന്നെന്‍റെ ഉള്ളില്‍...!

നിന്‍റെ മക്കളിട്ടു പിഞ്ചി നാറിയ ,
കുഞ്ഞുടുപ്പുകള്‍ ജാള്യമില്ലാതെന്‍റെ
നേര്‍ക്കു നീ വലിച്ചെറിഞ്ഞതു ഞാനിന്നും
മറക്കാതെ സൂക്ഷിച്ചിട്ടുണ്ടീ നെഞ്ചിനുള്ളില്‍...!

പൊരിയുന്ന വയറുമായി വിശപ്പടക്കാന്‍ വേണ്ടി,
നിന്‍റെ വീടിന്‍റെ മുറ്റത്തു നിന്നു
കെഞ്ചിയപ്പോള്‍ അടിച്ചതിനകത്തു
കയറിയോ എന്നുചോദിച്ച് ആട്ടിയോടിച്ച
നിന്‍റെ കണ്ണുകളിന്നുo എരിയുന്നു ഒരു
അണയാത്ത ചിതയായി എന്‍റെയുള്ളില്‍...!

എന്‍റെ ദാരിദ്ര്യത്തില്‍ നിന്നു നീ ഊറ്റിയെടുത്ത ,
വിലയില്ലാത്ത വിയര്‍പ്പുതുള്ളികള്‍ കൊണ്ടു
വിളയിച്ച നിന്‍റെ പാടത്തെ കതിരിന്‍റെ അളവു
ഒരിക്കലും നീ മറന്നു പോകരുത്...!

പ്രതികരിക്കാന്‍ ശേഷിയില്ലാതെ നിന്നു,
പതറിയപ്പോള്‍ പലപ്പോഴായി ചിതറിവീണ
എന്‍റെ വാക്കുകള്‍ ഒന്നൊന്നായി ഓര്‍മ്മയില്‍
നിന്നും ചികഞ്ഞെടുത്ത് ഇന്നു ഞാന്‍ നിനക്ക്
ഒരു കുറിമാനം അയക്കുന്നു ഒപ്പം എന്‍റെ എരി-
യുന്ന ചിതയിലേക്ക് നീയൊന്നു വരിക...!

എനിക്കു കാണണം അവസാനമായി ,
എനിക്കു വേണ്ടി നീ ഒഴുക്കുന്ന മുതലകണ്ണുനീര്‍
എന്നിട്ട് എന്‍റെ ദേഹം എരിയുന്ന ചിതയില്‍ നിന്ന്
എനിക്കൊന്നു പൊട്ടിച്ചിരിക്കണം ഞാന്‍ തോല്‍പിച്ച
നിന്നെയും നിന്‍റെ നിയതിയെയും ഓര്‍ത്ത്....!

അതുപോലെ എന്‍റെ എരിഞ്ഞടങ്ങിയ ചിതാഭസ്മം ,
ഒരു പുണ്യനദിയിലും നിമഞ്ജനം ചെയ്യരുത് കാരണം
മതവും ജാതിയും ഉച്ചനീചത്വങ്ങളും അരാജകത്വവും
നിറഞ്ഞ നിന്‍റെ ലോകത്തേക്ക് ഇനിയൊരിക്കലും
വരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല...!

അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ