2014 ജനുവരി 19, ഞായറാഴ്‌ച

_____വടവൃക്ഷം_____

ഒരുനാള്‍പടന്നു പന്തലിച്ചയൊരു വൃക്ഷം ,
ഇന്നുഗതകാല സ്വപ്നങ്ങള്‍ അയവിറക്കി
ഇലകള്‍കൊഴിഞ്ഞു ചുരുണ്ട് നാളെയുടെ
ചോദ്യവുമായി ഉറങ്ങുന്നെന്‍റെ മുറിയില്‍...!

താരാട്ടുപാട്ടിലൂടെ അമ്പിളിമാമനെ കാട്ടിയ ,
വൃദ്ധ മരത്തിന്‍റെ ശിഖരങ്ങളൊക്കെയുo
ഇന്നുമുരടിച്ചു ചൊങ്ങിവരണ്ട വിരലുകള്‍ 
കൊണ്ടുമിഴിപൂട്ടി എന്നെ പരതിനോക്കുന്നു....!

രണ്ടുനൂറ്റാണ്ടിലെ വസ്സന്തങ്ങള്‍ കണ്ട എന്‍റെ ,
വൃദ്ധമരത്തിനു എന്നോട് ചൊല്ലുവാനിയും
സ്വാതന്ത്യത്തിന്‍റെയും അഹിംസയുടെയുo
ഖദറില്‍ പൊതിഞ്ഞയെത്ര കഥകളുണ്ടാവും..?.

ഊഷരഭൂമിയിലെ ഇടവേളകളില്‍ വല്ലപ്പോഴും ,
അവധിക്കെത്തുമ്പോള്‍ ഞാന്‍ ബോധപൂര്‍വ്വം
മെനയുന്ന നെറികേടുകള്‍ കേട്ടു കൊഴിഞ്ഞ
മോണകാട്ടി കളങ്കമറിയാതിന്നും ചിരിക്കുന്നു....!

പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളിലേക്കാഴ്ന്നിറ -
ങ്ങുവാനുള്ള ഇളമുറയുടെ ക്ഷീണമോര്‍ത്താവാം
ഇരുള്‍പടരുന്ന കണ്ണുകള്‍ ഇടക്ക് നിശ്ചലമാവുന്നതും
മിഴികോണുകളില്‍ നീര്‍തുള്ളികള്‍ പൊടിക്കുന്നതും...!

താങ്ങും തണലുമായെന്നെ വളര്‍ത്തിയ വടവൃക്ഷം ,
ജരാനരകള്‍ ബാധിച്ചു നിശ്ചലമാവുന്നയീ നേരത്ത് 

ഊഷരഭൂമിയില്‍നിന്നുള്ള എന്‍റെ നോട്ടുകള്‍കൊണ്ട്
താങ്ങുംതണലുമാവുന്നില്ലല്ലോ എന്നാണെന്‍റെ ദുഃഖം...!

അജുജോര്‍ജ് മുണ്ടപ്പള്ളി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ